Friday, January 3, 2025
National

ആന്ധ്ര – തെലങ്കാന അതിർത്തിയിൽ പ്രതിഷേധിച്ചു; പവൻ കല്യാൺ കസ്റ്റഡിയിൽ

ആന്ധ്ര – തെലങ്കാന അതിർത്തിയിൽ പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനെത്തുടർന്നുള്ള നാടകീയ സംഭവങ്ങൾ തുടരുന്നതിനിടെയായിരുന്നു പവൻ കല്യാൺ എത്തിയിത്. വിജയവാഡയിലേക്ക് റോഡ് മാർഗം എത്താൻ ശ്രമിച്ച പവൻ കല്യാണിന്‍റെ വാഹനവ്യൂഹം ആന്ധ്രാ പൊലീസ് തടയുകയായിരുന്നു.

ആന്ധ്ര – തെലങ്കാന അതിർത്തിയായ ഗാരികപടുവിൽ വച്ചാണ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം തടഞ്ഞതോടെ പവൻ കല്യാൺ ഇറങ്ങി നടക്കുകയായിരുന്നു. ആന്ധ്ര – തെലങ്കാന അതിർത്തിയിൽ നിന്ന് മംഗളഗിരി വരെ നടന്ന് പോകുമെന്ന് പവൻ കല്യാൺ പറഞ്ഞു. ഇതും പൊലീസ് തടഞ്ഞതോടെ പവൻ കല്യാൺ റോഡിൽ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ഇതിനെത്തുടർന്നാണ് പവൻ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അതേസമയം, സ്കിൽ ഡെവലെപ്മെന്‍റ് പദ്ധതി കേസിൽ ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കിയെന്ന് സ്ഥിരീകരിച്ച് സിഐഡി വിഭാഗം രംഗത്തെത്തിയിരുന്നു. കേസിൽ 37-ാം പ്രതിയായിരുന്നു ചന്ദ്രബാബു നായിഡു. 2015-ൽ അന്നത്തെ ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. പി വി രമേശ് എഴുതിയ ഫയൽ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നായിഡുവിനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *