Saturday, April 12, 2025
Kerala

നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോൺഗ്രസ് മുൻഎംഎൽഎമാരെ പ്രതിചേർക്കും, ക്രൈംബ്രാഞ്ച് തീരുമാനം

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോണ്‍ഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കും. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. വനിതാ എംഎൽഎ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേർക്കുക. ഇതേവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്.

ഏഴു വർഷങ്ങള്‍ക്കിപ്പുറം നിയമസഭ കൈയാങ്കളി കേസ് പൊലീസ് പൊളിച്ചെഴുതുകയാണ്. വി.ശിവൻകുട്ടിയും ഇ.പിജയരാജനും മടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചതിന് പ്രതികള്‍. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കൻ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചതോടെയാണ് നീക്കങ്ങള്‍ പാളിയത്. വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലാണ് ഡിജിപി തുടരന്വേഷണത്തിന് അനുമതി തേടിയത്.

ജമീല പ്രകാശത്തിനിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എം.എ.വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 341,323 എന്നീ വകുപ്പുകള്‍ ചുമത്തും. ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും. പൊതുമുതൽ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടാവില്ല. ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കുറ്റപത്രത്തിൽ പ്രത്യേകം ക്രൈം ബ്രാഞ്ച് എടുത്ത് പറയും.

Leave a Reply

Your email address will not be published. Required fields are marked *