ആലുവ പീഡനം; രണ്ടുപേർ കൂടി പ്രതികൾ ആയേക്കും, പ്രതി നേരത്തേതന്നെ കുട്ടിയെ കണ്ടുവച്ചുവെന്ന് പൊലീസ്
ആലുവ പീഡനക്കേസിൽ രണ്ട് പേർ കൂടി കേസിൽ പ്രതികൾ ആയേക്കും.കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് രണ്ടുപേരും. ഇവരാണ് ക്രിസ്റ്റിൻ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുന്നത്.
ഇവരാണ് പെൺകുട്ടിയുടെ വീട്ടിൽ അച്ഛൻ ഇല്ല എന്ന വിവരം ക്രിസ്റ്റിൻ രാജിന് നൽകിയതെന്ന് പൊലീസ് സംശയിക്കുന്നു. മോഷണ മുതൽ വിൽക്കാൻ എത്തിയപ്പോൾ ഇവരുടെ വീട്ടിൽ വച്ചാണ് കുട്ടിയെ ക്രിസ്റ്റിൻ രാജ് കണ്ടത്. പൊലീസ് കസ്റ്റഡിയിലുള്ള രണ്ടുപേരും ഇതര സംസ്ഥാന തൊഴിലാളികലാണ്.
പ്രതിയെ 14 ദിവസത്തേക്ക് ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച എറണാകുളം പോക്സോ കോടതി പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കും. പ്രതിക്കെതിരെ പീഡനവും തട്ടിക്കൊണ്ടുപോകലും പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തി. ഇതിനിടെ, ക്രിസ്റ്റിലിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി റജിസ്റ്റർ ചെയ്തു. കഴിഞ്ഞ മൂന്നിന് പെരുമ്പാവൂരിലായിരുന്നു സംഭവം.
മോഷണ ശ്രമത്തിനിടെ ഒരുകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു. ഇതിലും പ്രതി ക്രിസ്റ്റിലാണെന്നു പൊലീസ് വ്യക്തമാക്കി. ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.