മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി തെലങ്കാന ബിജെപി അധ്യക്ഷൻ കസ്റ്റഡിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നോടിയായി തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എസ്‌സി ഹിന്ദി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന.
കരിംനഗർ മണ്ഡലത്തിലെ ലോക്‌സഭാ എംപിയായ സഞ്ജയ് കുമാറിനെ ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയായിരുന്നു അറസ്റ്റ്. സഞ്ജയ് കുമാറിനെ റാച്ച്‌കുണ്ട് പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള ബൊമ്മലരാമേരം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അതേസമയം പൊലീസ് നടപടിയെ അപലപിച്ച കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, ബന്ദിയുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ചു. സ്ഥലത്ത് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് എത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് സംഭവവികാസം.