Wednesday, April 16, 2025
National

‘ഫ്ലയിങ് കിസ്’ മാഡം ജിയെ വേദനിപ്പിച്ചു, മണിപ്പുരിലെ സ്ത്രീകൾ നേരിടുന്നതോ?; പ്രകാശ് രാജ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ ഫ്ലയിങ് കിസ് ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. സ്മൃതി ഇറാനി‌ ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷ വിമർശനം ഉയർത്തിയത്. സ്മൃതി ഇറാനിക്ക് ‘ഫ്ലയിങ് കിസ്’ കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും, മണിപ്പുരിലെ സ്ത്രീകൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ വിമർശനം.

‘‘മുൻഗണനകളാണ് പ്രശ്നം. ഫ്ലൈയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകൾക്കു സംഭവിച്ച കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ല’’ – #manipurwomen #ManipurVoilence #justasking എന്നീ ഹാഷ്ടാഗുകൾ സഹിതം പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചശേഷം മടങ്ങുമ്പോൾ രാഹുൽ ഗാന്ധി ബിജെപി ബെഞ്ചുകൾക്കു നേരെ ‘ഫ്ലയിങ് കിസ്’ നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. ഇതിനെതിരെ ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്കു പരാതി നൽകിയിരുന്നു. സഭയുടെ അന്തസ്സിനു നിരക്കാത്ത വിധം രാഹുൽ പെരുമാറിയെന്നായിരുന്നു ആരോപണം.

അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം ദിനം പ്രസംഗിച്ച രാഹുൽ ഗാന്ധി, മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു.ഈ പ്രസംഗത്തിനു ശേഷം രാഹുൽ മടങ്ങുമ്പോഴാണ്, ഫ്ലയിങ് കിസ് വിവാദം ഉയർന്നത്. രാഹുൽ മടങ്ങുന്ന സമയത്ത് ബിജെപി അംഗങ്ങൾ കൂവിയിരുന്നു. സന്ദർശക ഗാലറിയിലുണ്ടായിരുന്ന കെ.സി.വേണുഗോപാലിനും മറ്റു കോൺഗ്രസ് നേതാക്കൾക്കും നേരെ കൈവീശിക്കാണിച്ച ശേഷം ബിജെപി ബെഞ്ചുകൾക്കു നേരെയും രാഹുൽ കൈവീശിയിരുന്നു. ഇതിനെതിരെയാണ് ആരോപണം ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *