രാഹുൽ ഫ്ലയിങ് കിസ് നൽകിയത് കണ്ടില്ല’; ബിജെപി എംപി ഹേമമാലിനി
ഫ്ലയിങ് കിസ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി എംപി ഹേമമാലിനി. രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് പ്രതികരണം. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോൺഗ്രസ് എംപി ഫ്ലയിങ് കിസ് നൽകിയെന്നാരോപിച്ച് ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. അവിശ്വാസ പ്രമേയ ചർച്ചക്ക് പിന്നാലെ ലോക്സഭയിൽ നിന്നിറങ്ങിയ രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം.
പാർലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷം ബുധനാഴ്ചയാണ് രാഹുൽ ആദ്യമായി പാർലമെന്റിൽ പ്രസംഗിച്ചത്. ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചതായി രാഹുല്‍ ആഞ്ഞടിച്ചു. മണിപ്പൂരില്‍ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരില്‍ നിങ്ങള്‍ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങള്‍ കൊലപ്പെടുത്തിയതെന്നും രാഹുൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി സ്മൃതി ഇറാനിക്ക് ഫ്ലയിംഗ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.
പുതിയ വിവാദത്തിന് തിരികൊളുത്താൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഹേമമാലിനിയുടെ പ്രതികരണം വന്നിരിക്കുന്നത്. രാഹുൽ ഫ്ലയിങ് കിസ് നൽകുന്നത് കണ്ടോ? അത് അനുചിതമോ അശ്ലീലമോ ആണെന്ന് തോന്നിയോ? എന്ന ചോദ്യത്തോട് ‘എനിക്കറിയില്ല, ഞാൻ അത് കണ്ടില്ല’ എന്നായിരുന്നു ബിജെപി എംപിയുടെ മറുപടി. അതേസമയം സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസും രംഗത്തുവന്നു. രാഹുൽ ഗാന്ധി ട്രഷറി ബെഞ്ചുകളിലേക്കാണ് ആംഗ്യം കാണിച്ചതെന്നും അത് ഒരു മന്ത്രിക്കും നേരെയല്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.