Friday, January 3, 2025
National

ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു

ദില്ലി: ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി ഇന്ന് വൈകീട്ട് നിയമന ഉത്തരവ് പുറത്തിറക്കി. ഈ മാസം 27നാണ് സത്യപ്രതിജ്ഞ. നിലവിലുള്ള ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഓഗസ്റ്റ് 26ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എൻ.വി.രമണ കഴിഞ്ഞാൽ സുപ്രീംകോടതിയിലെ മുതിർന്ന ജ‍ഡ്ജിയാണ് ജസ്റ്റിസ് യു.യു.ലളിത്. സുപ്രീംകോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു.യു .ലളിത്. ജസ്റ്റിസ് എസ്.എം.സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്.

ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ
സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റീസ് എൻ.വി.രമണ ശുപാർശ ചെയ്തിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ജസ്റ്റിസാണ് യു.യു.ലളിതിന്റെ പേര് നിർദേശിച്ചുള്ള ശുപാർശ അദ്ദേഹം കൈമാറിയത്. നിയമ മന്ത്രാലയം കൈമാറിയ ഈ ശുപാർശയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. 

1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014ൽ ആണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. അതിനു മുമ്പ് 2 ജി സ്പെക്ട്രം കേസിൽ സിബിഐയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി യു.യു.ലളിത് ഹാജരായിരുന്നു.

പുതിയ ചീഫ് ജസ്റ്റീസിനെ ശുപാർശ ചെയ്യാൻ നേരത്തെ സുപ്രീംകോടതി കൊളീജിയം യോഗം ചേർന്നിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ജസ്റ്റിസുമാരായ യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ്  കൊളീജിയത്തിലെ അംഗങ്ങൾ. കൊളീജിയത്തിന്റെ തീരുമാനമാണ് ചീഫ് ജസ്റ്റിസ് ശുപാർശയായി കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്. 

 

Leave a Reply

Your email address will not be published. Required fields are marked *