Sunday, January 5, 2025
National

‘മുഖ്യമന്ത്രിക്ക് സ്വന്തം എംഎൽഎമാരെ വിശ്വാസമില്ല, എന്തൊരു സർക്കാരാണിത്?’; രാജസ്ഥാൻ കോൺഗ്രസിലെ ചേരിപ്പോരിനെ പരിഹസിച്ച് പ്രധാനമന്ത്രി

രാജസ്ഥാൻ കോൺഗ്രസിലെ ചേരിപ്പോരിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിക്ക് സ്വന്തം എംഎൽഎമാരെയും, എംഎൽഎമാർക്ക് സർക്കാരിനെയും വിശ്വാസമില്ല. ഇതെന്തൊരു സർക്കാരാണെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജസ്ഥാനിലെ മൗണ്ട് അബുവിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് മോദി സംസ്ഥാന കോൺഗ്രസിലെ ചേരിപ്പോരിനെ പരിഹസിച്ചത്.

രാജസ്ഥാൻ സർക്കാരിലെ എല്ലാവരും പരസ്പരം അധിക്ഷേപിക്കാൻ മത്സരത്തിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മുഖ്യമന്ത്രി കസേര. അഞ്ച് വർഷമായി മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇവർ. ഇതിനിടയിൽ രാജസ്ഥാന്റെ വികസനം ആരു ശ്രദ്ധിക്കും? മോദി ചോദിച്ചു.

കോൺഗ്രസ് ഭരണത്തിന് കീഴിൽ ഇന്ന് രാജസ്ഥാനിൽ ക്രമസമാധാനം പാടേ തകർന്നിരിക്കുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങൾ അപൂർവ്വമായി കേട്ടിരുന്ന രാജസ്ഥാനിൽ ഇന്ന് ക്രിമിനലുകൾ നിർഭയമായി വിഹരിക്കുന്നു. വോട്ട് ബാങ്കുകളുടെ അടിമത്തത്തിൽ കഴിയുന്ന കോൺഗ്രസിന് നടപടിയെടുക്കാൻ ഭയമാണ്. ആദിവാസി സമൂഹം വർഷങ്ങളായി കോൺഗ്രസിനെ വിശ്വസിച്ചു, എന്നാൽ അവർക്ക് എന്താണ് ലഭിച്ചത്? കുറവ് മാത്രം -മോദി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യത്തിനു ശേഷം മിക്ക പാർട്ടികളും രൂപീകരിച്ചത് സാമൂഹിക നീതിയുടെ പേരിലാണെന്നും എന്നാൽ ഈ പാർട്ടികൾ രാജ്യത്തിന് എന്താണ് നൽകിയതെന്നും പ്രധാനമന്ത്രി ചോദിച്ചു. അവർ രാജ്യത്തിന് നൽകിയത് ജാതീയതയും തീവ്ര കുടുംബവാദവും അഴിമതി നിറഞ്ഞ ആവാസവ്യവസ്ഥയും മാത്രമാണ്. രാജ്യത്ത് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് കോൺഗ്രസ് 50 വർഷം മുമ്പ് ഉറപ്പ് നൽകിയിരുന്നു. കോൺഗ്രസിന്റെ ഓരോ ഉറപ്പിലും കോൺഗ്രസിന്റെ നേതാക്കൾ കൂടുതൽ സമ്പന്നരാവുകയും രാജ്യത്തെ പൗരന്മാർ ദരിദ്രരാവുകയും ചെയ്തുവെന്ന് മോദി ആക്ഷേപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *