Sunday, April 13, 2025
National

യെദിയൂരപ്പ 80 ന്‍റെ നിറവില്‍, സ്വന്തം നാടായ ശിവമോഗ്ഗയിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെംഗളൂരു: കർണാടകത്തിലെ തലമുതിർന്ന ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയുടെ എൺപതാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്‍റെ സ്വന്തം നാടായ ശിവമൊഗ്ഗയിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതം കന്നഡ ജനതയ്ക്ക് സമർപ്പിച്ച യെദിയൂരപ്പ വരും തലമുറയ്ക്ക് മാതൃകയെന്ന് മോദി പറഞ്ഞു. തന്‍റെ പിറന്നാൾ ദിനം എത്തിയതിൽ മോദിക്ക് യെദിയൂരപ്പ നന്ദി പറഞ്ഞു .

കർണാടകത്തിലെ ഒമ്പതാമത്തെ പ്രാദേശിക വിമാനത്താവളമാണിത്. 384 കോടി രൂപ ചെലവിൽ നിർമിച്ച, 622.38 ഏക്കർ വിസ്തീർണമുള്ള, താമരയുടെ ആകൃതിയിലുള്ള, ശിവമൊഗ്ഗ വിമാനത്താവളം മൽനാട് മേഖലയിൽ ബിജെപി വികസനത്തിന്‍റെ പ്രധാന അടയാളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്ന ഒന്നാണ്. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച കർണാടക രാഷ്ട്രീയത്തിലെ അതികായൻ ബി എസ് യെദിയൂരപ്പയുടെ സ്വന്തം തട്ടകമായ ശിവമൊഗ്ഗയിലെ ഈ വിമാനത്താവളം അദ്ദേഹത്തിന്‍റെ എൺപതാം പിറന്നാൾ ദിനത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.

കർണാടക നിയമസഭയിൽ യെദിയൂരപ്പ നടത്തിയ വിടവാങ്ങൽ പ്രസംഗം തന്നെ സ്പർശിച്ചെന്ന് മോദി പറഞ്ഞു. പിറന്നാൾ ദിനത്തിൽ മോദി എത്തിയതിൽ സന്തോഷമെന്ന് യെദിയൂരപ്പ പറഞ്ഞു. വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടാമെന്ന മന്ത്രിസഭാ തീരുമാനം അദ്ദേഹം തന്നെ നിരസിച്ചതോടെ കന്നഡ മഹാകവി കുവേംപുവിന്‍റെ പേരിലാകും വിമാനത്താവളം അറിയപ്പെടുക. വിവിധ റോഡ്, റെയിൽ പദ്ധതികളും പരിപാടിയിൽ മോദി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *