Saturday, October 19, 2024
National

‘സച്ചിൻ പൈലറ്റിന്റെ ഊഴം ഒരിക്കലും വരില്ല’; കോൺഗ്രസ് ഭിന്നതയിൽ അമിത് ഷാ

അശോക് ഗെലോട്ട് സച്ചിൻ പൈലറ്റ് രാഷ്ട്രീയ യുദ്ധം കനത്തതോടെ, രാജസ്ഥാൻ കോൺഗ്രസിലെ ചേരിപ്പോരിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സച്ചിൻ പൈലറ്റിനെക്കാൾ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കോൺഗ്രസ് എപ്പോഴും മുൻഗണന നൽകുമെന്നും, അതിന് വ്യക്തമായ കരണമുണ്ടെന്നും അമിത് ഷാ. ബിജെപിയുടെ സങ്കൽപ് മഹാസമ്മേളനത്തിനായി ഭരത്പൂരിൽ എത്തിയതായിരുന്നു അദ്ദേഹം.

സച്ചിൻ പൈലറ്റിനെക്കാൾ കൂടുതൽ സംഭാവന പാർട്ടിക്കായി അശോക് ഗെലോട്ട് നൽകുന്നുണ്ട്. രാജസ്ഥാനിൽ നടക്കുന്ന അഴിമതി പണം കൊണ്ടാണ് കോൺഗ്രസിന്റെ ഖജനാവ് നിറയ്ക്കുന്നത്. ഗെലോട്ട് സംസ്ഥാന സർക്കാരിനെ അഴിമതിയുടെ ഹബ് ആക്കുകയും, രാജസ്ഥാനെ കൊള്ളയടിക്കുകയും ചെയ്യുന്നു. സച്ചിൻ പൈലറ്റിന്റെ ഊഴം ഒരിക്കലും വരില്ലെന്നും, രണ്ടുപേരും അധികാരത്തിന് വേണ്ടിയാണ് ഇപ്പോൾ പോരാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2008 ലെ ജയ്പൂർ സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടതിന് പിന്നിൽ കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ഷാ ആരോപിച്ചു. രാജസ്ഥാനിൽ ഉള്ളത് ഒരു 3-ഡി സർക്കാരാണ്. ‘ദാംഗേ’ (കലാപം), ‘ദുർവ്യവർ’ (അപകടം), ‘ദലിത്’ അതിക്രമങ്ങൾ എന്നിവയാണ് 3 ഡി എന്നതിന്റെ അർത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.