രാജസ്ഥാൻ മന്ത്രിസഭയിൽ നിന്ന് സച്ചിൻ പൈലറ്റിനെ പുറത്താക്കി
രാജസ്ഥാൻ മന്ത്രിസഭയിൽ നിന്ന് സച്ചിൻ പൈലറ്റിനെ പുറത്താക്കി. രാജസ്ഥാൻ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുകൂടി നീക്കിയിട്ടുണ്ട്.
കോൺഗ്രസിന്റെ അനുനയ നീക്കങ്ങൾക്ക് തിരിച്ചടിയായി ജയ്പൂരിലെ നിയമസഭാകക്ഷി യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റും സംഘവും വിട്ടുനിന്നതിനെ തുടർന്നാണ് സച്ചിൻ പൈലറ്റിനെ മാറ്റുന്നത്. സച്ചിൻ പൈലറ്റിനെ പുറത്താക്കണമെന്ന് അശോക് ഗെലോട്ട് ക്യാമ്പ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ജയ്പൂരിൽ നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലായിരുന്നു എംഎൽഎമാരുടെ ആവശ്യം.
രണ്ടാം ഘട്ട നിയമസഭാകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങൾക്ക് താത്ക്കാലികമായി അറുതി വരുത്താമെന്ന കോൺഗ്രസ് തീരുമാനിച്ചെങ്കിലും, തങ്ങൾ മുന്നോട്ടുവച്ച ഫോർമുലയിൽ നിന്ന് പിന്മാറില്ലെന്ന് സച്ചിൻ പൈലറ്റ് നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് പകരം സുപ്രധാന വകുപ്പുകൾ നൽകാനായിരുന്നു കോൺഗ്രസിന്റെ നീക്കം. എന്നാൽ പി ചിദംബരം, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളുമായി സംസാരിച്ച സച്ചിൻ പൈലറ്റ് മുൻ നിലപാടിൽ നിന്ന് മാറ്റമില്ല എന്ന് നേതൃത്വത്തെ അറിയിച്ചു.
104 എംഎൽഎമാരുടെ പിന്തുണയുള്ള അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ 18 എംഎൽഎമാരുടെ പിന്തുണയുള്ള സച്ചിൻ പൈലറ്റിന് അട്ടിമറിക്കാൻ കഴിയില്ല എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
അതേസമയം, സച്ചിൻ പൈലറ്റിനെ ബിജെപി മുതിർന്ന നേതാവ് പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാജസ്ഥാൻ ബിജെപി നേതാവ് ഓം മതൂറാണ് സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്.