വിമാനത്തിന്റെ അടിയന്തര വാതില്‍ ബിജെപി നേതാവ് തുറന്നത് അബദ്ധത്തില്‍; പാര്‍ലമെന്റില്‍ വ്യോമയാന മന്ത്രി
പറന്നുയരാന്‍ ആരംഭിച്ച ഇന്റിഗോ വിമാനത്തിന്റെ അടിയന്തര വാതില്‍ തുറന്നത് ബിജെപി നേതാവ് തേജസ്വി സൂര്യയാണെന്ന് ഔദ്യോഗികമായി പാര്‍ലമെന്റില്‍ സ്ഥിരീകരിച്ച് വ്യോമയാന വകുപ്പ് മന്ത്രി വി കെ സിംഗ്. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് തേജസ്വി സൂര്യ അടിയന്തര വാതില്‍ തുറന്നത് അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നും മന്ത്രി വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് എം പി മാലാ റോയിയാണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. വാതില്‍ തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ ഡിജിസിഎ വഴി തിരിച്ചറിഞ്ഞോ എന്നായിരുന്നു തൃണമൂല്‍ എംപിയുടെ ചോദ്യം. അറിയാതെ സംഭവിച്ചുപോയ അബദ്ധമായതിനാല്‍ യാത്രക്കാരന്‍ ഏതെങ്കിലും നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
വിമാനത്തിന്റെ അടിയന്തിരവാതില്‍ തുറന്നത് തേജസ്വി സൂര്യയാണെന്ന് മുന്‍പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് വ്യോമയാന അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു.
ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകാനായി ഒരുങ്ങവേയാണ് വിമാനത്തിന്റെ അടിയന്തിര വാതില്‍ തുറന്നത്. അപകടമുണ്ടായാല്‍ എങ്ങനെയാണ് അടിയന്തിര വാതില്‍ തുറക്കേണ്ടതെന്ന് എയര്‍ ഹോസ്റ്റല്‍ വിശദീകരിക്കുന്നതിനിടെയാണ് പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടത്. ഇത് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പിന്നീട് യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തിറക്കി രണ്ട് മണിക്കൂറിന് ശേഷമാണ് വീണ്ടും യാത്ര പുനരാരംഭിച്ചത്. അടിയന്തിര വാതിലിനടുത്തായിരുന്നു തേജസ്വി സൂര്യയുടെ സീറ്റ്.