സര്‍ക്കാര്‍ ഇ ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നു’; പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം
സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടിയിലും എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തിലും പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ലോകസഭയിലും രാജ്യസഭയിലും അടിയന്തിര പ്രമേയ നോട്ടിസുകള്‍ അനുവദിക്കാത്ത പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. ഇ ഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കിയെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ബെന്നി ബഹനാന്‍ പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കീറിയെറിഞ്ഞായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം.
സര്‍ക്കാര്‍ സമീപനങ്ങളോട് മ്യദുസമീപനം ഇല്ലെന്ന് വ്യക്തമാക്കിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും എത്തിയത്. സഭ നിര്‍ത്തിവച്ച് നെഹ്‌റു കുടുംബത്തിനെതിരായ ഇ ഡി നടപടിയും എംപിമാരുടെ സസ്‌പെന്‍ഷന്‍ വിഷയവും ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല. ലോകസഭാ രാജ്യസഭ അദ്ധ്യക്ഷന്മാര്‍ അടിയന്തിര പ്രമേയ നോട്ടിസ് മടക്കി വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാന്‍ ആവശ്യപ്പെട്ടു. ഈ നിര്‍ദേശം തള്ളിയ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം തുടങ്ങി. ലോകസഭയില്‍ സ്പീക്കറും രാജ്യസഭയില്‍ ചെയര്‍മാനും അംഗങ്ങള്‍ സീറ്റുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സഭാ നടപടികള്‍ തടസപ്പെടുകയായിരുന്നു.