Friday, January 3, 2025
National

വൈഎസ്ആർടിപി നേതാവ് വൈ.എസ് ശർമിള വീണ്ടും കസ്റ്റഡിയിൽ

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്‌ടിആർപി) അധ്യക്ഷയുമായ വൈ.എസ് ശർമിള വീണ്ടും കസ്റ്റഡിയിൽ. പൊലീസ് നിർദ്ദേശം ലംഘിച്ച് സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി. ടിആർഎസ് ആക്രമണത്തെത്തുടർന്ന് നിർത്തിവച്ച പദയാത്രയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ശർമിള നിരാഹാരം പ്രഖ്യാപിച്ചിരുന്നു.

തെലങ്കാനയിൽ കെസിആർ സർക്കാറിനെതിരെ വൻ പ്രക്ഷോഭങ്ങളാണ് വൈഎസ്‌ടിആർപി നടത്തിവരുന്നത്. സമരങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശർമിളയുടെ നേതൃത്വത്തിൽ പദയാത്രയും ആരംഭിച്ചിരുന്നു. പലയിടത്തും വൈഎസ്‌ടിആർപി-കെസിആർ പ്രവർത്തകർ ഏറ്റുമുട്ടിയതോടെ ആദ്യ പദയാത്ര അക്രമാസക്തമായി. 223 ദിവസം പൂർത്തിയാക്കിയ ശർമിളയുടെ പദയാത്ര നവംബർ 28-ന് തടസ്സപ്പെട്ടു. ടിആർഎസ് എംഎൽഎയായ പെഡി സുദർശൻ റെഡ്ഡിക്കെതിരെ ഷർമിള വിമർശനം നടത്തിയതിന് തൊട്ടുപിന്നാലെ ഉണ്ടായ അക്രമം സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.

സംഭവത്തെത്തുടർന്ന് ക്രമസമാധാന നില കണക്കിലെടുത്ത് സംസ്ഥാന പൊലീസ് പദയാത്രയ്ക്കുള്ള അനുമതി താൽക്കാലികമായി റദ്ദാക്കി. പാർട്ടി വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച ഷർമിളയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നവംബർ 29 ന്, ഹൈദരാബാദിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ഔദ്യോഗിക വസതിയിലേക്ക് ആക്രമണത്തിൽ തകർന്ന കാറുമായി എത്തി ശർമിള പ്രതിഷേധിച്ചു. ശർമിളയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് വാഹനം കെട്ടിവലിച്ചു നീക്കി. ഇതിന് പിന്നാലെയാണ് ഇന്നത്തെ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *