ചികിത്സയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു; കസ്റ്റഡിയിൽ എടുക്കുമ്പോൾ പരിക്കേറ്റിരുന്നുവെന്ന് പൊലീസ്
തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് മരിച്ചത്. ഞാണ്ടൂർകോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.40നാണ് മരണം സംഭവിച്ചത്.
ഒരു യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ അഞ്ചാം പ്രതിയായി ആണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ശരീരത്തിൽ ക്ഷതം ഉണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു.കളിച്ചപ്പോൾ വീണതാണ് എന്നാണ് പറഞ്ഞതെന്നും പൊലീസ് പറയുന്നു. ഇക്കാര്യം കസ്റ്റഡി റിപ്പോർട്ടിൽ ഉണ്ടെന്നും പൊലീസ് പറയുന്നുണ്ട്
ഞായറാഴചയാണ് അജിത്തിനെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ജയിലിലേക്ക് മാറ്റി. അവിടെ വച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. അതേസമയം പൊലീസ് മർദനമാണ് മരണ കാരണമെന്ന പരാതി ഉയരുന്നുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.