യുവതിയെ അപമാനിച്ച കേസ്: വിവാദ നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ വിവാദ നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റില്‍. യുവതിയെ അപമാനിച്ചെന്ന പരാതിയിലാണ് നോയിഡ പൊലീസ് ശ്രീകാന്ത് ത്യാഗിയെ അറസ്റ്റ് ചെയ്തത്. ത്യാഗിയുടെ മൂന്ന് സഹായികളും പിടിയിലായിട്ടുണ്ട്. ബിജെപിയുടെ പോഷക സംഘടനയായ കിസാന്‍ മോര്‍ച്ച നേതാവാണ് താനെന്നാണ് ത്യാഗി സമൂഹമാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെ പൂര്‍ണമായും നിഷേധിക്കുന്ന ബിജെപി ശ്രീകാന്ത് ത്യാഗിക്ക് പാര്‍ട്ടിയുമായോ സംഘടനകളുമായോ ബന്ധമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
മീററ്റില്‍ നിന്നാണ് ത്യാഗിയെ നോയിഡ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന ഇയാളെ കുടുക്കിയത്. ഭാര്യയേയും അഭിഭാഷകനേയും കാണാന്‍ ഇയാള്‍ തീരുമാനിച്ചിരുന്ന സ്ഥലം മനസിലാക്കിയായിരുന്നു പൊലീസിന്റെ നീക്കം. ത്യാഗിയുടെ ഭാര്യയെ ചോദ്യം ചെയ്യാനായി രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ത്യാഗിയും പരാതിക്കാരിയായ സ്ത്രീയും തമ്മില്‍ വൃക്ഷത്തൈകള്‍ നടുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടന്നത്. ത്യാഗി സ്ത്രീയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുകയും ചെയ്തിരുന്നു. നേതാവിനെ കണ്ടെത്തുന്നവര്‍ക്ക് ഗൗതം ബുദ്ധ നഗര്‍ പൊലീസ് 25,000 രൂപ പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു. അനധികൃത നിര്‍മാണമെന്ന് കാട്ടി ശ്രീകാന്ത് ത്യാഗിയുടെ കെട്ടിടം അധികൃതര്‍ കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയിരുന്നു.