Sunday, January 5, 2025
Kerala

ഓര്‍ഡിനന്‍സില്‍ നിശ്ചയദാര്‍ഢ്യത്തോടെ ഗവര്‍ണര്‍ തീരുമാനമെടുത്തു’; അഭിനന്ദിച്ച് വി മുരളീധരന്‍

ലോകായുക്ത ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള 11 സുപ്രധാന ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെത്തുടര്‍ന്ന് അസാധുവായ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്ക് പിന്തുണയറിയിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നിലപാട് അദ്ദേഹത്തിന്റെ ചുമതലകളുടെ കൂടി ഭാഗമാണെന്ന് വി മുരളീധരന്‍ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ നിശ്ചയദാര്‍ഢ്യത്തോടെ തീരുമാനം എടുത്ത ഗവര്‍ണറുടെ നിലപാടിനെ അഭിനന്ദിക്കുന്നു. പ്രധാനപ്പെട്ട ഓര്‍ഡിനന്‍സ് ലോകായുക്ത ഭേദഗതി ചെയ്യുന്നതാണ്. ഇതില്‍ സര്‍ക്കാരിന് ധൃതി എന്തുകൊണ്ടാണെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ലോകായുക്തയ്ക്ക് മുന്നില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ കേസുകളുള്ളതാണോ ഈ ധൃതിക്ക് കാരണം എന്ന് ചോദിച്ച അദ്ദേഹം ഘടക കക്ഷികളുടെ പിന്തുണപോലും ഈ ഓര്‍ഡിനന്‍സിന് ഇല്ലെന്നും പറഞ്ഞു.

കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സുകളെ കാര്യത്തില്‍ യെച്ചൂരിക്ക് എന്താണ് ചെയ്യാനുള്ളതെന്ന് ചോദിച്ചു. ദേശീയ പാതകളില്‍ അപകട ഭീഷണി ഉയര്‍ത്തി കുഴികള്‍ നിലനില്‍ക്കുന്നതിലും മുരളീധരന്‍ പ്രതികരണമറിയിച്ചു. കുഴികളില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് വി മുരളീധരന്‍ അറിയിക്കുന്നത്. സംസ്ഥാന കുഴി, കേന്ദ്ര കുഴി എന്നൊന്നും ഇല്ല. പ്രശ്‌നം പരിഹരിക്കണം എന്നാണ് നിലപാട്. ഇതിനായി ദേശീയപാത അതോറിറ്റി അധികൃതരുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത വിഷയത്തിലും കേന്ദ്രമന്ത്രി പ്രതികരണമറിയിച്ചു. ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയതിനാണോ ബീനാ ഫിലിപ്പിനെതിരെ നടപടിയെടുക്കുന്നതെന്ന് വി മുരളീധരന്‍ ചോദിച്ചു. സിപിഐഎമ്മില്‍ ചില മതങ്ങളുടെ ആചാരം അനുവദിക്കുകയും ചില മതങ്ങളുടേത് അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഹജ്ജിന് പോകുന്ന മാക്‌സിസ്റ്റുകാരുണ്ടെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *