ഉറങ്ങാൻ സമ്മതിച്ചില്ലെന്ന് ആരോപിച്ച് തൃശൂരിൽ 4 വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം
ഉറങ്ങാൻ സമ്മതിച്ചില്ലെന്ന് ആരോപിച്ച് തൃശൂർ കേച്ചേരി തൂവാന്നരിൽ 4 വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് എടുക്കാൻ സിഡബ്ല്യുസി ചെയർപേഴ്‌സൺ അഡ്വക്കറ്റ് നിമ്മി ബിനോയ് കുന്നംകുളം പൊലീസിന് നിർദേശം നൽകി. തൃപ്രയാർ സ്വദേശി പ്രസാദ് ആണ് കുട്ടിയെ മർദിച്ചത്.
പാലക്കാട് സ്വദേശിയായ യുവതിയുടെ 4 വയസുള്ള കുട്ടിക്ക് നേരെആണ് ക്രൂര മർദനം. തൃപ്രയാർ സ്വദേശിയായ പ്രസാദും യുവതിയും തൂവാനൂരിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടുത്ത പനിയായിരുന്നു കുട്ടിക്ക്. ഇടവിട്ട് കുട്ടി കരഞ്ഞിരുന്നു. ഉറങ്ങാൻ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് തെങ്ങിൻ മടൽ കൊണ്ട് കുട്ടിയെ പ്രസാദ് ആക്രമിച്ചത്.
തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സിഡബ്ല്യുസി ചെയർപേഴ്‌സൺ അഡ്വ. നിമ്മി ബിനോയ് ആശുപത്രിയിലെത്തി വിവരങ്ങൾ തേടി.
സംഭവത്തിൽ പ്രസാദിനെതിരെ കേസ് എടുക്കാൻ കുന്നംകുളം പൊലീസിന് നിർദേശം നൽകി. കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം പ്രസാദ് ഒളിവിലാണ്.