നിശബ്ദ പ്രചാരണ ദിവസവും ഹനുമാനെ വിടാതെ കോൺഗ്രസും ബിജെപിയും; കർണാടകം നാളെ പോളിങ് ബൂത്തിലേക്ക്
നാളെ പോളിംഗ് ബൂത്തിലെത്താനിരിക്കേ കർണാടകയിൽ നിശബ്ദപ്രചാരണ ദിവസവും ഹനുമാനെ വിടാതെ ബിജെപിയും കോൺഗ്രസും. ഭരണകക്ഷിയായ ബി.ജെ.പിയുടെയും പ്രതിപക്ഷമായ കോൺഗ്രസിന്റെയും ഉന്നത നേതാക്കൾ വോട്ടെടുപ്പിന്റെ ഇന്ന് ഹനുമാന്റെ അനുഗ്രഹം തേടി.
കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ ബെംഗളൂരു കെ ആർ മാർക്കറ്റിലുള്ള ആഞ്ജനേയ ക്ഷേത്രത്തിലെത്തിയും പൂജകൾ നടത്തി.ഹുബള്ളിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹനുമാൻ ക്ഷേത്രത്തിലെത്തി ബിജെപി പ്രവർത്തകരോടൊപ്പം ഹനുമാൻ ചാലീസ ചൊല്ലി പ്രാർത്ഥനകൾ നടത്തി.
ഇന്ന് രാവിലെയാണ് ഹുബള്ളിയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിജെപി പ്രവർത്തകരോടൊപ്പം ക്ഷേത്രത്തിൽ പൂജകൾ നടത്തിയത്. ബെംഗളുരു നഗരത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്തലജെയുടെ നേതൃത്വത്തിൽ മുതിർന്ന ബിജെപി നേതാക്കൾ വിവിധ ഹനുമാൻ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പൂജകൾ നടത്തി. ജയ് ശ്രീറാം വിളികളോടെയായിരുന്നു ബിജെപി നേതാക്കളുടെ ക്ഷേത്ര പര്യടനം.