കന്നഡനാട് വിധിയെഴുത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്
കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. നാളെയാണ് വോട്ടെടുപ്പ്. മെയ് 13ന് വോട്ടെണ്ണും. കർണാടകയിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുൾപ്പെടെ ഇറക്കിയാണ് പാർട്ടി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്.
സംസ്ഥാനം കൈയ്യിലാക്കാൻ കോൺഗ്രസും കഠിനമായ പരിശ്രമത്തിലാണ്. സോണിയ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രചാരണത്തിന് എത്തിച്ചു. പതിവ് പോലെ രാഹുലും പ്രിയങ്കയും പരിപാടികളിൽ പങ്കെടുത്തു. ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമിയും വളരെയധികം ആത്മവിശ്വാസത്തിലാണ്.
5.2 കോടി വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. ഇതിൽ 9.17 ലക്ഷം പേർ കന്നിവോട്ടർമാരാണ്. ആകെ 2,613 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 185 പേർ സ്ത്രീകളാണ്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 207 പേരെയുമാണ് മത്സരിപ്പിക്കുന്നത്. സംസ്ഥാനത്താകെ 58,282 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യ ടുഡേ-സി വോട്ടർ സർവേയിൽ ഇക്കുറി ബിജെപി കർണാടകയിൽ 74-86 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം. കോൺഗ്രസ് 107- 119 സീറ്റുകൾ നേടുമെന്നും സർവേ ഫലം പറയുന്നു. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു മങ്ങലേൽപ്പിക്കുന്നതാണ് അഭിപ്രായ സർവേ റിപ്പോർട്ട് എന്നാണു നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയുള്ള ബിജെപിയുടെ പ്രചാരണത്തിലാണ് പാർട്ടിയുടെ ആത്മവിശ്വാസം.