Thursday, January 9, 2025
National

ഗുജറാത്തിൽ ആദ്യഘട്ട പ്രചാരണത്തിന്റെ ആരവം നിലച്ചു, ഇനി പോളിങ് ബൂത്തിലേക്ക്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. ഡിസംബർ ഒന്നിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ആകെയുള്ള 182 സീറ്റുകളിൽ 89 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. സൗരാഷ്ട്രയിലെ 54 സീറ്റുകളിലേക്കും ദക്ഷിണ ഗുജറാത്തിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. ഇതിനുശേഷം 93 സീറ്റുകളിലേക്ക് ഡിസംബർ അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും.

രാവിലെ മുതൽ റാലിയും പൊതു പരിപാടികളുമായി എല്ലാ പാർട്ടികളും കളം നിറഞ്ഞു. ഭാവ്‌നഗറിൽ ആദ്യഘട്ടത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികൾക്കായി ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ജെപി നദ്ദ പ്രചാരണം നടത്തി. ദേവഭൂമി ദ്വാരക ജില്ലയിൽ നിന്നും മത്സരിക്കുന്ന ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദൻ ഗധ്വി, മുൻ ഗുജറാത്ത് മന്ത്രി പുരുഷോത്തം സോളങ്കി, ആറ് തവണ എംഎൽഎയായ കുൻവർജി ബവലിയ, മോർബിയുടെ ‘നായക്’ കാന്തിലാൽ അമൃതിയ, ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഗുജറാത്ത് എഎപി പ്രസിഡന്റ് ഗോപാൽ ഇറ്റാലിയ എന്നിവരാണ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലെ പ്രമുഖ സ്ഥാനാർത്ഥികൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി നദ്ദ, മറ്റ് ബിജെപി നേതാക്കൾ എന്നിവർ ആദ്യ ഘട്ടത്തിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി നിരവധി റാലികൾ നടത്തി. ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും തന്റെ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്കായി വിപുലമായ പ്രചാരണം നടത്തുകയും ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

കോൺഗ്രസ് പക്ഷത്ത്, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ അവരുടെ പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ പ്രമുഖ പ്രചാരകരാണ്. രാഹുൽ ഗാന്ധി തന്റെ ഭാരത് ജോഡോ യാത്ര പാതിവഴിയിൽ നിർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയിരുന്നു. ഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *