Wednesday, January 8, 2025
National

ബൊമ്മനെയും ബെല്ലിയെയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി; രഘുവിനൊപ്പമുള്ള ചിത്രങ്ങളും വൈറല്‍

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ദി എലഫന്റ് വിസ്പറേഴ്‌സ് ഡോക്യുമെന്ററിയിലൂടെ ലോകമറിഞ്ഞ ബൊമ്മനെയും ബ്ലെലിയെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൊമ്മനെയും ബെല്ലിയെയും അവരുടെ കൂട്ട് രഘുആനയെയും പ്രധാനമന്ത്രി കണ്ടു. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും മോദി ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ബൊമ്മിക്കും രഘുവിനുമൊപ്പം ബൊമ്മനെയും ബെല്ലിയെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. എലഫന്റ് വിസ്പറേഴ്സിന്റെ സംവിധായകന്‍ കാര്‍ത്തികി ഗോണ്‍സാല്‍വസും നിര്‍മ്മാതാവ് ഗുണീത് മോംഗയും കഴിഞ്ഞ മാസം പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നു.

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതവും തമിഴ്‌നാട് മുതുമലയിലെ തെപ്പക്കാട് ആന ക്യാംപും മോദി സന്ദര്‍ശിച്ച ശേഷം കടുവാ സംരക്ഷണ പദ്ധതികളുടെ അന്‍പതാം വാര്‍ഷിക പരിപാടിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ദക്ഷിണേന്ത്യന്‍ സന്ദര്‍ശനത്തില്‍ രാജ്യത്തെ കടുവകളുടെ കണക്കും പ്രധാനമന്ത്രി പുറത്തുവിട്ടു. രാജ്യത്തെ വനങ്ങളില്‍ 3167 കടുവകളാണുള്ളത്. 2018ല്‍ നടത്തിയ അവസാന കണക്കെടുപ്പ് പ്രകാരം ഇത് 2967 ആയിരുന്നു. 2022ലാണ് പുതിയ സര്‍വെ നടത്തിയത്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റി, വനംവന്യജീവി മന്ത്രാലയത്തിന്റെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് സെന്‍സസ് നടത്തിയത്.

ലോകത്തിലെ കടുവകളുടെ എണ്ണത്തിന്റെ 75 ശതമാനവും ഇന്ത്യയിലാണെന്നും കടുവകളുടെ സംരക്ഷണമെന്നത് രാജ്യത്തിനു വേണ്ടിയല്ല, ലോകത്തിനു വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്‌കാരത്തിന്റെ ഭാഗമായി വനവും പരിസ്ഥിതിയും സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്നും മോദി കൂട്ടിച്ചേര്‍ത്തു

മൈസൂരുവിലെ കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാലയില്‍ നടത്തിയ പരിപാടിയില്‍ ഇന്റര്‍നാഷണല്‍ ബിഗ് കാറ്റ് അലയന്‍സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കടുവാ പദ്ധതികളുടെ അന്‍പത് വര്‍ഷത്തിന്റെ ഭാഗമായുള്ള നാണയവും മോദി പുറത്തിറക്കി. രാവിലെ എട്ടു മണിയോടെയാണ് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി എത്തിയത്. വനപാലകരുമായി സംവദിച്ച ശേഷം, ജംഗിള്‍ സഫാരിയും നടത്തി. ഒരു മണിക്കൂറില്‍ അധികം കാട്ടില്‍ ചെലവഴിച്ചാണ് മോദി മടങ്ങിയത്. അവിടെ നിന്നും റോഡ് മാര്‍ഗം തമിഴ് നാട്ടിലെ മുതുമലയിലെത്തി. തെപ്പക്കാട് ആനക്യാംപിലെത്തിയ ശേഷം ആനപരിശീലകരോടും വനപാലകരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവിടെവച്ചാണ് ബൊമ്മിയെയും ബെല്ലിയെയും കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *