എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; മരണത്തില്‍ പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫി
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ പങ്കില്ലെന്ന് പ്രതി ഷാറൂഖ് സെയ്ഫി. ട്രെയിനില്‍ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ല. ട്രെയിനില്‍ നിന്ന് ആരെങ്കിലും ചാടുന്നതോ വീഴുന്നതോ താന്‍ കണ്ടിട്ടില്ലെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു.
കേസ് തീവ്രവാദ സ്വഭാവമുള്ളതെന്നാണ് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കേസിന്റെ അന്തര്‍ സംസ്ഥാന ബന്ധത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് എന്‍ഐഎ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ സംഘം റിപ്പോര്‍ട്ട് കൈമാറി.
ട്രെയിന്‍ ആക്രമണം വലിയ ഒരു ആക്രമണത്തിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ എന്ന സംശയവും അന്വേഷണസംഘം പ്രകടിപ്പിക്കുന്നുണ്ട്. ആക്രമണം നടത്താന്‍ ഷാറൂക്കിന് പരിശീലനം ലഭിച്ചിട്ടില്ല എന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. പരിശീലനം ലഭിച്ചിരുന്നുവെങ്കില്‍ ആക്രമണ സമയത്ത് ഷാറൂക്കിന് പൊള്ളലേല്‍ക്കില്ല എന്നുള്ളതാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.