പ്രധാനമന്ത്രി അടുത്ത മാസം ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും. ഒക്ടോബര്‍ ആദ്യ വാരം സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ഗവണ്‍മെന്‍റ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് സന്ദര്‍ശനം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടാകും.
ഓക്‌സിജന്‍ പ്ലാന്‍റ്, വിമാനത്താവളവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതികള്‍, ഋഷികേഷിലെ എയിംസുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയവ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. കേദര്‍നാഥും അദ്ദേഹം സന്ദര്‍ശിക്കും.- സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സന്ദര്‍ശനം പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സഹായിക്കുമെന്ന് ബിജെപി നേതാക്കള്‍ കരുതുന്നു.
ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം അവര്‍ക്ക കരുത്ത് പകരും. പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിലൂടെ ബിജെപി ഗവണ്‍മെൻ്റ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തും.- ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ആദ്യമാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ്.