‘ഇത് സ്വയം പൊങ്ങലിൻ്റെ അങ്ങേയറ്റം’; സ്റ്റേഡിയത്തിൽ രഥയാത്ര നടത്തിയ മോദിയെ പരിഹസിച്ച് കോൺഗ്രസ്
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനു മുന്നോടിയായി സ്റ്റേഡിയത്തിൽ രഥയാത്ര നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ്. ജീവിച്ചിരിക്കുമ്പോൾ സ്വന്തം പേരിട്ട സ്റ്റേഡിയത്തിൽ ലാപ് ഓഫ് ഓണർ നടത്തുന്നത് സ്വയം പൊങ്ങലിൻ്റെ അങ്ങേയറ്റമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.
നാലാം ടെസ്റ്റിനു മുൻപാണ് മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനൊപ്പം രഥയാത്ര നടത്തിയത്. മത്സരത്തിനു മുൻപ് പ്രധാനമന്ത്രിമാർ താരങ്ങളെ പരിചയപ്പെട്ടു. മത്സരം തുടങ്ങിയപ്പോൾ ഇരുവരും ഗ്യാലറിയിലുണ്ടായിരുന്നെങ്കിലും അല്പസമയത്തിനു ശേഷം ഇവർ മടങ്ങി.
കളിയിൽ ഒസ്ട്രേലിയ പിടിമുറുക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡ് (32), മാർനസ് ലബുഷെയ്ൻ (3) എന്നിവർ പുറത്തായപ്പോൾ ഉസ്‌മാൻ ഖവാജ (63), സ്റ്റീവ് സ്‌മിത്ത് (36) എന്നിവർ ക്രീസിൽ തുടരുകയാണ്.