ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; ബാങ്കിലെത്തിയത് 500 രൂപയുടെ ഏഴു കള്ളനോട്ടുകൾ
ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. എടത്വ കൃഷി ഓഫീസർ എം ജിഷ മോളാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണം ഉണ്ട്.