ഇന്ത്യ എയ്ക്കെതിരായ രണ്ടാം ഏകദിനം; ന്യൂസീലൻഡ് എ 219നു പുറത്ത്
ഇന്ത്യ എയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസീലൻഡ് എ 47 ഓവറിൽ 219 റൺസിനു പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് എ ഇന്ത്യൻ ബൗളിംഗിനു മുന്നിൽ ചൂളിപ്പോവുകയായിരുന്നു. ജോ കാർട്ടർ (72), രചിൻ രവീന്ദ്ര (61) എന്നിവർക്ക് മാത്രമേ ന്യൂസീലൻഡ് എയിൽ തിളങ്ങാനായുള്ളൂ. ഇന്ത്യ എയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.
ചാഡ് ബോവ്സിനെ (15) പുറത്താക്കി ഉമ്രാൻ മാലിക്കാണ് ഇന്ത്യ എയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ന്യൂസീലൻഡ് എയ്ക്ക് വിക്കറ്റ് നഷ്ടമായി. രാഹുൽ ചഹാർ, ഋഷി ധവാൻ എന്നിവർ ഇന്ത്യ എയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഉമ്രാൻ മാലിക്കിനും രാജ് ബവയ്ക്കും ഓരോ വിക്കറ്റ് വീതമുണ്ട്.
ആദ്യ ഏകദിനത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനു വിജയിച്ചിരുന്നു. ഈ മത്സരം കൂടി വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.