പണ്ട് പറഞ്ഞതൊക്കെ ഓർത്തായിരിക്കും ശരണം വിളിച്ചത്; മോദിയെ പരിഹസിച്ച് പിണറായി
ശരണം വിളി തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രവാക്യമെന്ന രീതിയിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നേരത്തെ ഇവിടെ വന്ന് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടല്ലോ. അക്കാര്യങ്ങൾ ഓർത്തായിരിക്കും ശരണം വിളിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
കോൺഗ്രസ് സഹായിച്ചതു കൊണ്ടാണ് നേമത്ത് കഴിഞ്ഞ തവണ ബിജെപി വിജയിച്ചത്. ആ അക്കൗണ്ട് എൽ ഡി എഫ് ഇത്തവണ ക്ലോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘ്പരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായതു കൊണ്ടാണ്. വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്. അങ്ങനെയുള്ളവർ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാൽ ജനമത് തിരിച്ചറിയും
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തെ മോദി സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടുണ്ടാകില്ല. കേരളത്തെ ഇകഴ്ത്തി കാട്ടാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. വർഗീയതക്ക് കീഴ്‌പ്പെടില്ലെന്നതാണ് കേരളത്തിന്റെ പ്രത്യേകത. പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം തന്ന അരിക്ക് പോലും അണ പൈ കണക്ക് പറഞ്ഞ് പൈസ കേന്ദ്രം വാങ്ങി. സഹായത്തിന് മുന്നോട്ടു വന്ന രാജ്യങ്ങളെ അതിന് അനുവദിച്ചില്ല. അത്തരക്കാരെ ആളുകൾ തിരിച്ചറിയുമെന്നും പിണറായി പറഞ്ഞു.