Monday, January 6, 2025
National

കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി വളർത്തി; തോൽ‌വിയിൽ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല; നരേന്ദ്രമോദി

പ്രതിപക്ഷ പ്രതിഷേധം ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിപ്രമേയചർച്ചക്കുള്ള മറുപടിയിലായിരുന്നു മോദിയുടെ രൂക്ഷ വിമർശനം. മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികൾക്കിടയിലും പ്രധാനമന്ത്രി തൻറെ പ്രസംഗം പൂർത്തിയാക്കി.

തന്റെ വാക്കുകൾ ജനം കേൾക്കുന്നുണ്ട്, എല്ലാം ജനങ്ങൾക്ക് മനസിലാകും. പ്രതിഷേധം രാജ്യ താത്പര്യത്തിന് എതിരാണ്. പ്രതിപക്ഷം ചെളി വാരി എറിയുകയാണ്. ചെളിയിൽ താമര ശക്തമായി വളരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യവളർച്ച തടഞ്ഞത് കോൺഗ്രസ് ആണ്. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി വളർത്തി. കോൺഗ്രസിന് കുടുംബ താത്പര്യം മാത്രമാണ് ലക്ഷ്യം. ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ജനങ്ങൾ കോൺഗ്രസിനെ പാഠം പഠിപ്പിച്ചു. തോൽ‌വിയിൽ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല.

വിവാദമല്ല ലക്ഷ്യം വികസനം മാത്രം. ഗരീബ് കല്യാൺ യോജന പദ്ധതി പാവങ്ങളെ തുണച്ചെന്ന് പ്രധാനമന്ത്രി. ജനസേവയാണ് യഥാർത്ഥ മതേതരത്വം. ബിജെപിയുടേത് യഥാർത്ഥ മതേതരത്വമെന്നും മോദി പറഞ്ഞു. മല്ലികാർജുൻ ഖാർഗെയുടെ നാട്ടിൽ വികസനമെത്തിച്ചത് ബിജെപിയാണ്. മല്ലികാർജുൻ ഖാർഗെയുടെ തട്ടകത്തിൽ താൻ എത്തിയതിന്റെ അസ്വസ്ഥതയാണ്.നന്നായി വിയർപ്പൊഴുക്കണം.ഞങ്ങൾ കഠിനാധ്വാനം ചെയ്തു. നിങ്ങൾ വെറുതെ ഇരുന്നു വെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് ഭരണ കാലത്ത് ആദിവാസികൾ ഭീതിയിലാണ് കഴിഞ്ഞത്.വർഷങ്ങളായി കോൺഗ്രസ് അവരെ തഴഞ്ഞിട്ടിരിക്കുകയായിരുന്നു. കർഷകരെ കോൺഗ്രസ് ചൂഷണം ചെയ്തു.എന്നാൽ ഈ സർക്കാർ കർഷകരെ സാമ്പത്തികമായി ശാക്തീകരിച്ചുവെന്നും മോദി കൂട്ടിച്ചെർത്തു.

Leave a Reply

Your email address will not be published. Required fields are marked *