കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവം; കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്ത്
കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്ത്.പത്തനംതിട്ട സ്വദേശിനിയായ ഇവർ പഠനാവശ്യത്തിനായാണ് വിദേശത്തേക്ക് പോയതെന്നാണ് വിവരം. അതേ സമയം കുഞ്ഞിനെ ഔദ്യോഗികമായി ദത്ത് നൽകാനുള്ള നടപടിക്രമങ്ങളിലേക്ക് സി ഡബ്ലിയു സി കടന്നു. കേസിലെ പ്രധാന പ്രതി അനിൽകുമാറിന് പുറമേ തൃപ്പൂണിത്തുറയിലെ ദമ്പതികളും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെന്ന് പൊലീസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവ് വിദേശത്താണെന്ന് ബോധ്യപ്പെട്ടത്. കുഞ്ഞിന്റെ മാതാവും പിതാവും ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ല. എറണാകുളത്ത് പഠിക്കുനോ ഴാ ണ് ഗർഭിണിയാകുന്നതും പ്രസവിക്കുന്നത്. കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികൾക്ക് കൈമാറി രണ്ട് മാസത്തിനുളളിൽ തന്നെ മാതാവ് വിദേശത്തേക്ക് പോയി എന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിച്ച വിവരം.
പിതാവാരാണെന്ന് കണ്ടത്തിയെങ്കിലും ഇയാളും ഒളിവിലെന്ന് തന്നെയാണ് പൊലീസ് പറയുന്നത്.വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ച സംഭവത്തിൽ കുഞ്ഞിനെ കൈവശം വെച്ച തൃപ്പൂണിത്തുറ സ്വേദേശികളായ ദമ്പതികളും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പ്രധാന പ്രതി അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതിനിടെ കുഞ്ഞിനെ ഔദ്യോഗികമായി ദത്ത് നൽകാനുള്ള നടപടിക്രമങ്ങൾ സി ഡബ്ലിയു സി തുടങ്ങിയിട്ടുണ്ട്. കുഞ്ഞിനെ ദത്ത് നൽകാൻ ഇടനിലനിന്ന ഇരു മാതാപിതാക്കളുടേയും സുഹൃത്തും ഒളിവിൽ തുടരുകയാണ്.