ബിജെപി നേതൃയോഗം വൈകിട്ട്; തെരഞ്ഞെടുപ്പ് ഫലം ചർച്ചയാകും
ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം വൈകിട്ട്. അമിത് ഷാ വൈകിട്ട് അഞ്ചിനും നരേന്ദ്രമോദി വൈകിട്ട് ആറ് മണിക്കും ബിജെപി ആസ്ഥാനത്തെത്തും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമുറപ്പിച്ചിരിക്കുകയാണ് ബി.ജെ.പി. അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. നൃത്തം ചെയ്തും, പടക്കം പൊടിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ പുരോഗമിക്കുന്നത്.
നിലവിൽ 152 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. 2020 ലെ 127 സീറ്റ് നേട്ടം മറികടന്നുകൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. കോൺഗ്രസ് കോട്ടയായ വടക്കൻ ഗുജറാത്ത് പിടിച്ചെടുത്തിരിക്കുകയാണ് ബിജെപി.
ഗുജറാത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ബിജെപി ആധിപത്യമാണ്. ഒറ്റ ഘട്ടത്തിലും കോൺഗ്രസിന് മേൽക്കൈ നേടാൻ സാധിച്ചിട്ടില്ല.
അതേസമയം, സംസ്ഥാനത്ത് കോൺഗ്രസിന് ആപ്പായത് ആംആദ്മി പാർട്ടിയാണ്. കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയത് എഎപിയാണ്. ഇതുവരെ 11.9 ശതമാനം വോട്ടാണ് എഎപി നേടിയത്.