Thursday, January 2, 2025
National

അദാനിയെ പിന്തുണച്ച് ശരത് പവാർ; പ്രതിപക്ഷ നിരയിൽ സർവത്ര ആശങ്ക

അദാനിയെ പിന്തുണച്ച് എൻസിപി അധ്യക്ഷൻ ശരത് പവാർ. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാർ. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിശ്വാസ്യതയെ പവാർ ചോദ്യം ചെയ്തു. വിഷയത്തിൽ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇതിനായി കമ്മിറ്റിയെ നിശ്ചയിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ ജെപിസി അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നും പവാർ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ പ്രധാന പ്രശ്നങ്ങൾ ഉന്നയിക്കുന്നില്ലെന്നും, സാധാരണക്കാരുടെ പല പ്രശ്നങ്ങളും അവഗണിക്കപ്പെടുന്നുവെന്നും NCP അധ്യക്ഷൻ വിമർശിച്ചു. 2024ൽ ബിജെപിയെ അവഗണിക്കാൻ കഴിയില്ല, കൃത്യമായ മാർഗരേഖയോടെ പ്രതിപക്ഷം ഒന്നിച്ചു നിന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഐക്യം ഗുണം ചെയ്യില്ല. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ സമവായം അനിവാര്യമാണെന്നും പവാർ വ്യക്തമാക്കി. അതേസമയം, പവാറിന് മറുപടിയുമായി കോണ്ഗ്രസ് നേതാവ് ജയറാം രമേഷ് രംഗത്ത് വന്നു.

എൻസിപിക്ക് അവരുടെ കാഴ്ചപ്പാട് ഉണ്ടാകാം, എന്നാൽ അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടതാണെന്നും ഇത് വളരെ ഏറെ ഗൗരവമുള്ളതാണെന്ന് 19 പ്രതിപക്ഷ പാർട്ടികൾക്കും ബോധ്യമുണ്ടെന്നും ജയറാം രമേശ് പ്രതികരിച്ചു. എൻസിപി അടക്കമുള്ള 20 പ്രതിപക്ഷ പാർട്ടികൾ, ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാൻ ഒന്നിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *