എലത്തൂർ ട്രെയിൻ തീവയ്പ്പ്: ഷാറൂഖ് സൈഫിയെ ഇന്ന് മുതൽ വിശദമായി ചോദ്യം ചെയ്യും
എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സൈഫിയെ അന്വേഷണ സംഘം ഇന്ന് മുതൽ വിശദമായി ചോദ്യം ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. കേരളം കാത്തിരിക്കുന്ന നിർണായക ചോദ്യങ്ങൾക്കുള്ള ഉത്തരം ഷാറൂഖിൽ നിന്ന് പരമാവധി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. വരും ദിവസങ്ങളിൽ പ്രതിയെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
11 ദിവസമാണ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലായിരിക്കും അന്വേഷണ സംഘം നടത്തുക. ഇതിനായി പ്രത്യേക ചോദ്യാവലിയുൾപ്പെടെ തയ്യാറാണ്. പോലീസ് കസ്റ്റഡിയിൽ തുടരവെ തന്നെ ഷാരൂഖിനെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയനാക്കും. തിങ്കളാഴ്ച ആശുപത്രിയിൽ എത്തിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദേശം. അതേസമയം, ഇയാൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ട്രെയിനിന് തീ വെക്കുമ്പോൾ ഷാറൂഖിൻറെ രണ്ട് കൈകളിലും നേരിയ പൊള്ളൽ ഏറ്റിരുന്നു. ട്രെയിനിൽ നിന്ന് വീണതിനെ തുടർന്ന് പ്രതിയുടെ ശരീരമാസകലം ഉരഞ്ഞ പാടുകളും ഉണ്ട്.