‘സത്യം മറച്ചുവെക്കാൻ ശ്രമം’: അദാനിയുടെ പേരിനൊപ്പം കോൺഗ്രസ് വിട്ടവരുടെ പേരുമെഴുതി രാഹുൽ ഗാന്ധി
ദില്ലി: അദാനി വിഷയത്തിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി. അദാനി വിഷയത്തിലെ സത്യം മറച്ചുവെക്കാനാണ് ബിജെപി ദിവസവും വിഷയം മാറ്റുന്നതെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് വിട്ട നേതാക്കളുടെ പേരിനൊപ്പം അദാനിയുടെ പേരും എഴുതിയാണ് വിമർശനം. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ കുമാർ റെഡ്ഡി, ഹിമന്ത ബിശ്വാസ് ശർമ എന്നിവരുടെ പേരിനൊപ്പം എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ കൂടെ പേരെഴുതിയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിക്കുന്നത്.
രാഹുൽഗാന്ധിയുടെ വിമർശനം കണ്ടപ്പോൾ ഒരേ സമയം സന്തോഷവും നിരാശയും തോന്നിയെന്ന് അനിൽ ആന്റണി പ്രതികരിച്ചു. ഗുലാം നബിയെ പോലെയും സിന്ധ്യയെ പോലെയുമുള്ള വലിയ നേതാക്കൾക്കൊപ്പം തന്റെ പേര് പറഞ്ഞതിൽ സന്തോഷമുണ്ട്. തന്നെ കുഴിയാന എന്നൊക്കെ വിശേഷിപ്പിക്കുന്ന കേരളത്തിലെ നേതാക്കൾ ഇത് കാണുമെന്ന് കരുതുന്നു. ഒരു സോഷ്യൽ മീഡിയ ട്രോളറിന്റെ നിലവാരത്തിലേക്ക് രാഹുൽ ഗാന്ധി താഴുന്നതിൽ നിരാശയും തോന്നുന്നുവെന്ന് അനിൽ ആന്റണി പ്രതികരിച്ചു. അദാനി വിഷയത്തിലെ ആരോപണം റാഫേൽ പോലെ പൊള്ളയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.