Thursday, January 9, 2025
National

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിൽ വിനോദ സഞ്ചാരം തടയണം; സുപ്രീം കോടതി ഉന്നതാധികാര സമിതി

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിർദേശം. ഉത്തരാഖണ്ഡിലെ കോർബറ്റ് കടുവാ സംരക്ഷണ മേഖലയിൽ കടുവാ സഫാരി പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം വന്നത്. വന്യജീവി സങ്കേതങ്ങൾ, കടുവാ സങ്കേതങ്ങൾ എന്നിവിടങ്ങളിൽ സഫാരികളും മൃഗശാലകളും സ്ഥാപിക്കാൻ അനുവദിക്കുന്ന നിയമങ്ങൾ റദ്ദാക്കണമെന്നാണ് സമിതി നിർദേശിക്കുന്നത്. അല്ലെങ്കിൽ ഈ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതി പറയുന്നു.

കടുവാ സംരക്ഷണ മേഖല ഉൾപ്പടെയുള്ള വന്യജീവി സങ്കേതങ്ങളിൽ സഫാരികളും മൃഗശാലകൾക്കും സ്ഥാപിക്കാൻ നൽകിയ അനുമതി റദ്ദാക്കണമെന്ന റിപ്പോർട്ട് സെൻട്രൽ എംപവേർഡ് കമ്മിറ്റി കഴിഞ്ഞ മാസം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ ബി ആർ ഗവായി, വിക്രം നാഥ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ബുധനാഴ്ചയാണ് സുപ്രീംകോടതി സമിതി റിപ്പോർട്ട് പരിഗണിക്കുക.

ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് സംരക്ഷിത വനമേഖലയോട് ചേർന്ന് മൃഗശാലകൾ നിർമ്മിക്കാൻ അനുവദിക്കുന്നത്. 1980ലെ വനസംരക്ഷണ നിയമത്തിൽ ഇക്കാര്യം വ്യക്തമായി പറയുന്നുമുണ്ട്. 2012, 2016, 2019 എന്നീ വർഷങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പിൻവലിക്കണമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മൃഗശാലകളുടെ രൂപീകരണം സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന വിധത്തിലാവരുതെന്നും പാനൽ വ്യക്തമാക്കി. നാഷണൽ കൺസർവേഷൻ അതോറിറ്റി പുറത്തിറക്കിയ മാനദണ്ഡങ്ങൾ പുനപരിശോധിക്കാനാണ് പാനൽ നിർദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *