Thursday, January 9, 2025
World

‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

ഭൂകമ്പത്തെത്തുടർന്ന് സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ്. അലെപ്പോയിലാണ് ഭൂകമ്പം ഏറ്റവും ദുരിതം വിതച്ചത്. വിമതരുടെ പിടിയിലുള്ള മേഖലകളിൽ രക്ഷാപ്രവർത്തകരില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ 11 വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തര കലാപത്തിൽ തകർന്ന സിറിയക്ക് കനത്ത ആഘാതമായിരിക്കുകയാണ് ഭൂകമ്പം. വടക്കുപടിഞ്ഞാറൻ സിറിയ, ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. സർക്കാരിനൊപ്പം ഖുർദിഷ് സേനയ്ക്കും മറ്റ് വിമത സംഘങ്ങൾക്കും നിയന്ത്രണമുള്ള വടക്കൻ സിറിയക്ക് ഭൂകമ്പം ഉണ്ടാക്കിയ ആഘാതം താങ്ങാനാകാത്തതാണ്.

സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലെപ്പോയിലും ഇദ്‌ലിബിലും വലിയ നാശം ഉണ്ടായി. ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തിയെന്നും ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ആണ് രക്ഷാപ്രവർത്തകർ പറഞ്ഞതായി അന്ത്ാരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആഭ്യന്തര യുദ്ധം താറുമാറാക്കിയ ഒരു പ്രദേശത്തെ ജനതക്ക് സമാനതകളില്ലാത്ത മറ്റൊരു പ്രതിസന്ധിയെക്കൂടി നേരിടാൻ കരുത്തില്ല. യുദ്ധക്കെടുതികൾക്ക് പുറമേ അതിശൈത്യം, ,തകർന്ന അടിസ്ഥാനസൌകര്യം, അതിവേഗം പടർന്നുപിടിക്കുന്ന കോളറ എന്നിവയെല്ലാം ഇവിടുത്തുകാരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. പിന്നാലെയാണ് എല്ലാം തകർത്തെറിഞ്ഞ ഭൂകന്പം. യുദ്ധം ജീവിതം തകർത്ത ലക്ഷക്കണക്കിന് അഭയാർത്ഥികൾ താമസിക്കുന്ന മേഖലയിലാണ് ഭൂചലനം ഉണ്ടായത്. തങ്ങൾക്ക് ഇനി എങ്ങും പോകാനില്ലെന്നാണ് ഇവർ പറയുന്നത്. തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ടെന്നും അവർ ജീവനോടെയുണ്ടെന്നും ചിലർപറയുന്നു. ആരെങ്കിലും അവരെ രക്ഷിക്കാൻ എത്തിയിരുന്നെങ്കിൽ എന്നാണ് അവരുടെ പ്രാർത്ഥന.

വിമതരുടെ പിടിയിലുള്ള മേഖലകളിലാണ് ഏറ്റവും ദയനീയമായ അവസ്ഥ. സിറിയൻ പ്രതിരോധ സേന, വൈറ്റ് ഹെൽമെറ്റ്‌സ് രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. സർക്കാർ നിയന്ത്്രിത മേഖലകളിൽ സൈന്യവും വിദ്യാർത്ഥി വൊളന്റിയർമാരുമുൾപ്പെടെ രക്ഷാപ്രവർത്തനത്തിന് ഉണ്ടെങ്കിലും ഇത് പര്യാപ്തമല്ല.. അതിനിടെ അതിശൈത്യവും മഴയും..എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള വടക്ക് പടിഞ്ഞാറൻ സിറിയയിലേക്ക് അന്താരാഷ്ട്ര സഹായം എത്തിക്കുക എളുപ്പമല്ല എന്നതും മറ്റൊരു സങ്കടകരമായ യാഥാർത്ഥ്യം. യുഎൻ അംഗരാജ്യങ്ങളോടും റെഡ് ക്രോസിനോടും മറ്റ് മനുഷ്യാവകാശ സംഘടനകളോടും സിറിയൻ സർക്കാർ സഹായം അഭ്യർത്ഥിച്ചു.എന്നാൽ ഇസ്രയേലിൽ നിന്ന് സഹായം സ്വീകരിക്കാൻ ഒരുക്കമല്ലെന്നും സർക്കാർ അറിയിച്ചു. യുഎഇ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങൾ സിറിയക്ക് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *