Thursday, January 9, 2025
National

അഞ്ച് ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയര്‍; ചാരന്‍ പെഗാസസ് ആണോ എന്ന് വ്യക്തമല്ല; സുപ്രീം കോടതി

പെഗാസസ് ഫോൺ ചോർത്തൽ കേസിൽ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണിൽ അഞ്ചെണ്ണത്തിലും ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയതായി സുപ്രീം കോടതി. എന്നാൽ, ഇത് പെഗാസസ് സ്പൈവെയർ ആണെന്നതിന് വ്യക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര സർക്കാർ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് സമിതി നിരീക്ഷിച്ചതായും ചീഫ് ജസ്റ്റിസ് എൻ.വി രമണ കൂട്ടിച്ചേർത്തു.

ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സമിതി റിപ്പോര്‍ട്ട് എത്രമാത്രം പരസ്യമാക്കാനാവും എന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. സമിതി റിപ്പോർട്ട് മൂന്ന് ഭാഗങ്ങളായാണ് സമർപ്പിച്ചിരിക്കുന്നത്. സാങ്കേതിക സമിതിയുടെ രണ്ട് റിപ്പോർട്ടുകളും, വിരമിച്ച ജഡ്ജി ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ മേൽനോട്ട സമിതിയുടെ ഒരു റിപ്പോർട്ടും ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം പ്രതിപക്ഷ നേതാക്കൾ, ആക്ടിവിസ്റ്റുകൾ, ജഡ്ജിമാർ, പത്രപ്രവർത്തകർ എന്നിവരെ നിരീക്ഷിക്കാൻ കേന്ദ്രം പെഗാസസ് സ്പൈവെയർ ഉപയോഗിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇസ്രായേലി സ്പൈവെയർ ഇന്ത്യയിൽ ടാർഗെറ്റഡ് നിരീക്ഷണത്തിനായി ഉപയോഗിച്ചോ എന്ന് അന്വേഷിക്കാൻ സുപ്രീം കോടതി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങള്‍. ഈ സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിന് ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ. പി പ്രഭാകരന്‍, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരടങ്ങിയ മറ്റൊരു സമിതിക്കും സുപ്രീം കോടതി രൂപം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *