ജയിലുകളിലെ തിരക്ക് കുറക്കണം: തടവുകാർക്ക് പരോൾ നൽകാൻ സുപ്രീം കോടതി നിർദേശം
കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ ഉത്തരവിറക്കി സുപ്രീം കോടതി. ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കൊവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തരമായി പുറത്തിറക്കാൻ കോടതി നിർദേശിച്ചു. നേരത്തെ പരോൾ ലഭിച്ചവർക്ക് 90 ദിവസം കൂടി പരോൾ അനുവദിക്കാനും കോടതി ഉത്തരവിട്ടു
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബഞ്ചാണ് ിതുസംബന്ധിച്ച പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കിയത്. കൊവിഡിന്റെ ആദ്യതരംഗ സമയത്ത് ജയിൽ മോചനം അടക്കം അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഉന്നതാധികാര സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നവർക്ക് ലോക്ക് ഡൗൺ കർഫ്യൂ എന്നിവയുടെ പശ്ചാത്തലത്തിൽ യാത്രാ സൗകര്യമൊരുക്കാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. ജാമ്യത്തിലോ പരോളിലോ വിടാൻ കഴിയാത്തവർക്ക് മെച്ചപ്പെട്ട വൈദ്യസഹായവും ചികിത്സയും ഉറപ്പാക്കണം. ജയിൽ പുള്ളികളെയും ജയിൽ ജീവനക്കാരെയും കൃത്യമായ ഇടവേളകളിൽ പരിശോധനക്ക് വിധേയമാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു