അസമിൽ അര കോടിയുടെ മയക്കുമരുന്ന് പിടികൂടി, 2 സ്ത്രീകൾ അറസ്റ്റിൽ
അസമിൽ വൻ മയക്കുമരുന്ന് വേട്ട. കർബി ആംഗ്ലോങ് ജില്ലയിൽ നിന്ന് 50 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ രണ്ട് സ്ത്രീകളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
മരിയാനി എക്‌സ്പ്രസിൽ കയറാൻ ബൊക്കജാൻ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന രണ്ട് സ്ത്രീകളിൽ നിന്ന് പൊലീസ്, സിആർപിഎഫ്, റെയിൽവേ പൊലീസ് എന്നിവയുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു.
ഇവരിൽ നിന്ന് 20 സോപ്പ് പെട്ടികളിൽ ഒളിപ്പിച്ച 246.95 ഗ്രാം ഹെറോയിൻ സുരക്ഷാ സേന പിടിച്ചെടുത്തു. അസമിലെ ഗോലാഘട്ട് ജില്ലയിലെ മേരപാനി, നാഗാലാൻഡിലെ ദിമാപൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ സ്ത്രീകളെന്ന് പൊലീസ് കൂട്ടിച്ചേർത്തു.