കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. 2.470 ഗ്രാം എംഡിഎംഎ, 1.400 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായാണ് യുവാവിനെ പൊലീസ് പിടികൂടിയത്. തോപ്പുംപടി വാത്തുരുത്തി സ്വദേശി നികർത്തൽ വീട്ടിൽ പ്രണവാണ് പിടിയിലായത്. മട്ടാഞ്ചേരി എക്‌സൈസാണ് വാത്തുരുത്തി റെയിൽവേ ഗേറ്റന് സമീപത്ത് നിന്നും പ്രതിയെ പിടികൂടിയത്.
നേരത്തെ കൊച്ചിയിൽ 1200 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ ഇറാനിയൻ കപ്പലിൽ നിന്ന് ലഹരിവസ്തു പിടികൂടിയിരുന്നു. പാകിസ്ഥാനിൽ നിന്നും എത്തിച്ച 200 കിലോ ഹെറോയിൻ ആണ് പിടികൂടി കൊച്ചിയിലെത്തിച്ചത്. കേസിൽ ഇറാൻ, പാകിസ്താൻ പൗരൻമാരായ ആറ് പേർ പിടിയിലായി. നാവിക സേനയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചരക്ക് പിടികൂടിയത്.
ചെറിയ ബോട്ടിലാണ് ഹെറോയിൻ കടത്തിയത്. ശ്രീലങ്കയിലേക്ക് കൊണ്ടുപോയ ചരക്കാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. നേരത്തെയും പാകിസ്ഥാനിൽ നിന്നും സമാനമായ രീതിയിൽ ലഹരിക്കടത്ത് നടന്നിട്ടുണ്ട്.