നോയിഡയിലും വളർത്തുനായ ആക്രമണം; ലിഫ്റ്റിനുള്ളിൽ ഡെലിവറി ബോയിക്ക് കടിയേറ്റു
ഉത്തർപ്രദേശിലെ ഗാസിയാബാദിന് പിന്നാലെ നോയിഡയിലും വളർത്തുനായ ആക്രമണം. ഉടമയ്‌ക്കൊപ്പം ഉണ്ടയിരുന്ന നായ ലിഫ്റ്റിൽ വച്ച് ഡെലിവറി ബോയിയെ കടിച്ചു. നോയിഡയിലെ സെക്ടർ 75-ൽ സ്ഥിതി ചെയ്യുന്ന അപെക്‌സ് അഥീന സൊസൈറ്റിയിലാണ് സംഭവം.
ലിഫ്റ്റ് തുറന്ന ഉടൻ ഡെലിവറി ബോയിയെ നായ ആക്രമിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്തുവീഴുന്നതും വീഡിയോയിൽ കാണാം. നായയുടെ ഉടമ തന്റെ വളർത്തുമൃഗത്തെ നിയന്ത്രിക്കാനും ലിഫ്റ്റിൽ നിന്ന് വലിച്ചിടാനും ശ്രമിക്കുന്നത് കാണാം.
നേരത്തെ, ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലെ ചാം കാസിൽ സൊസൈറ്റിയിൽ ലിഫ്റ്റിൽ വച്ച് കുട്ടിയെ നായ കടിച്ച വലിയ വാർത്തയായിരുന്നു. കുട്ടി വേദനകൊണ്ട് പുളയുമ്പോഴും ക്ഷമ ചോദിക്കാതെ നിൽക്കുന്ന നായയുടെ ഉടമയും പിന്നീട് അവർ ലിഫ്റ്റിൽ നിന്ന് ഇറങ്ങിയതും വലിയ വിവാദമായിരുന്നു. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാസിയാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്.