ബാബർ അസമിനെ മറികടന്ന് മുഹമ്മദ് റിസ്‌വാൻ ഐസിസി റാങ്കിംഗിൽ ഒന്നാമത്
പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്ന് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഐസിസി ടി-20 റാങ്കിംഗിൽ ഒന്നാമത്. 815 റേറ്റിംഗോടെയാണ് റിസ്‌വാൻ ഒന്നാം റാങ്കിലെത്തിയത്. ബാബർ അസം 794 റേറ്റിംഗുമായി രണ്ടാമതുണ്ട്. ഏറെ നാളായി സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന റിസ്‌വാൻ ഏഷ്യാ കപ്പിലും ഗംഭീര ഫോം തുടരുകയാണ്.
നാലാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ളത്. 775 ആണ് സൂര്യയുടെ റേറ്റിംഗ്. 792 റേറ്റിംഗുള്ള ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമാണ് മൂന്നാമത്.
ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ 43 റൺസെടുത്ത റിസ്‌വാൻ, ഹോങ്കോങിനെതിരെ 78 റൺസെടുത്ത് പുറത്താവാതെ നിന്നു. സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ 71 റൺസെടുത്താണ് താരം പുറത്തായത്. ബാബർ ആവട്ടെ 10, 9, 14 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. ഈ പ്രകടനങ്ങളാണ് ബാബറിന് ഒന്നാം സ്ഥാനം നഷ്ടമാക്കിയത്. ഇന്ന് അഫ്ഗാനിസ്താനെതിരെ രണ്ടാം സൂപ്പർ 4 മത്സരത്തിനിറങ്ങുകയാണ് പാകിസ്താൻ.
Read Also: ഏഷ്യാ കപ്പ്: അഫ്ഗാനിസ്താൻ പാകിസ്താനെ തോല്പിക്കുമോ?; ഇന്ത്യക്ക് ഇന്ന് നിർണായകം
അതേസമയം, ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിന് അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള ഇന്നത്തെ മത്സരം ഏറെ നിർണായകമാവും. പാകിസ്താനെതിരെ ഇന്ന് അഫ്ഗാനിസ്താൻ ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ പ്രവേശനത്തിനുള്ള നേരിയ സാധ്യത നിലനിൽക്കുന്നുള്ളൂ. പാകിസ്താൻ ഈ കളി ജയിച്ചാൽ അഫ്ഗാനിസ്താനൊപ്പം ഇന്ത്യയും ഏഷ്യാ കപ്പിൽ നിന്ന് പുറത്താവും.
സൂപ്പർ ഫോറിൽ പാകിസ്താനും ശ്രീലങ്കയും പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ തുലാസിലായത്. അഫ്ഗാനിസ്താൻ നേരത്തെ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ രണ്ട് ജയവുമായി ശ്രീലങ്ക ഫൈനൽ ഉറപ്പിച്ചു. ഇന്നത്തെ കളിയിൽ പാകിസ്താനെ തോല്പിക്കാൻ അഫ്ഗാനിസ്താനു സാധിച്ചാൽ ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ ടീമുകൾക്ക് ഒരു ജയം വീതമാവും. ഇന്ത്യക്ക് ഇനി അഫ്ഗാനിസ്താനുമായി മത്സരമുണ്ട്. ഈ കളി ഉയർന്ന മാർജിനിൽ ജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ വെക്കാം. എന്നാൽ, അപ്പോഴുമുണ്ട് പ്രശ്നം. പാകിസ്താന് ഇനി ശ്രീലങ്കയുമായി കളിയുണ്ട്. ആ കളി ശ്രീലങ്ക തന്നെ ജയിക്കണം. അങ്ങനെയെങ്കിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഫൈനൽ കളിക്കും.