Thursday, January 9, 2025
Kerala

ഉദ്യോഗസ്ഥര്‍ക്ക് അനര്‍ഹമായി സ്ഥാനക്കയറ്റം ഉള്‍പ്പെടെ നല്‍കി; വകുപ്പുകള്‍ സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ അട്ടിമറിച്ചെന്ന് ധനകാര്യവകുപ്പ്

സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ വകുപ്പുകള്‍ അട്ടിമറിച്ചുവെന്ന് ധനകാര്യവകുപ്പ്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജീവനക്കാര്‍ക്ക് അനര്‍ഹമായി സ്ഥാനക്കയറ്റം നല്‍കി. ഈ സ്ഥാനക്കയറ്റങ്ങള്‍ അടിയന്തരമായി റദ്ദാക്കാനും അധികമായി അനുവദിച്ച ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിക്ക് കൊവിഡ് ആഘാതം ഏല്‍പ്പിച്ചപ്പോഴാണ് ചെലവു ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയത്. ഇതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. ജീവനക്കാര്‍ മൂന്നു മാസത്തില്‍ കൂടുതല്‍ അവധിയെടുക്കുകയാണെങ്കില്‍ ഈ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തിരുന്നത്. അധിക ചെലവിന് ഇടയാക്കുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. പകരം ക്രമീകരണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ വകുപ്പുകള്‍ അട്ടിമറിച്ചുവെന്നാണ് ധനവകുപ്പിന്റെ നിലപാട്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ് വ്യക്തമാക്കി.

സ്ഥാനക്കയറ്റങ്ങള്‍ അടിയന്തരമായി റദ്ദാക്കാനും അധികമായി അനുവദിച്ച ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ തിരികെപ്പിടിക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. ചെലവ് നിയന്ത്രണം കര്‍ശനമായി പാലിക്കണം. അവധിയിലുള്ളവര്‍ക്ക് പകരം സ്ഥാനക്കയറ്റം നല്‍കി ഒഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യരുത്. വിരമിക്കലിന് മുന്നോടിയായിട്ടുള്ള അവധിക്ക് നിര്‍ദ്ദേശം ബാധകമല്ല. കൊവിഡ് സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച ആഘാതം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

 

Leave a Reply

Your email address will not be published. Required fields are marked *