Tuesday, April 15, 2025
National

സിഖ് സമുദായത്തിന്റെ പരമോന്നത യോഗം വിളിക്കാൻ ആവശ്യപ്പെട്ട് അമൃത്പാൽ സിംഗ്; പോലീസുകാരുടെ അവധി റദ്ദാക്കി പഞ്ചാബ്

നിർണ്ണായക നീക്കവുമായി വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിങ് രംഗത്ത്. സിഖ് സമുദായത്തിന്റെ പരമോന്നത യോഗം വിളിക്കാൻ അമൃത്പാൽ സിംഗ് അകാൽ തഖ്തിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. തുടർന്ന്, അമൃത്സറിലും ബട്ടിണ്ടയിലും പോലീസ് വിന്യാസം ശക്തമാക്കി. ഏപ്രിൽ 14 വരെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ധാക്കി.

പോലീസിന്റെ തെരച്ചിൽ ഊർജിതമായി തുടരുന്നതിനിടെ നിർണ്ണായക നീക്കത്തിന് ഒരുങ്ങുകയാണ് പഞ്ചാബ് വിഘടന വാദി നേതാവ് അമൃത് പാൽ സിംഗ്. ഏപ്രിൽ 14 ന് ബൈശാഖി ദിനാഘോഷത്തോട് അനുബന്ധിച്ച് സിഖ് വിഭാഗത്തിന്റെ ഏറ്റവും വലിയ സമ്മേളനമായ സർബത്ത് ഖൽസ വിളിക്കാൻ പരമോന്നത സമുദായ സംഘമായ അകാൽ തഖ്തിനോട് അമൃത്പാൽ സിംഗ് ആവശ്യപ്പെട്ടതായി പോലീസിന് രഹസ്യാന്വേഷ റിപ്പോർട്ട് ലഭിച്ചു.

അകാൽ തഖ്‌തിന്റ കേന്ദ്രമായ അമൃത്സറിൽ നിന്നും ബട്ടിണ്ടയിലേക്ക് ഘോഷയാത്ര സംഘടിപ്പിക്കാനും നീക്കമുണ്ട്. സിഖ് സമുദായം വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് മുൻപ് സർബത്ത് ഖൽസ സമ്മേളനങ്ങൾ വിളിച്ചിട്ടുള്ളത്. ഏറ്റവും അവസാനമായി 2015ൽ അമൃത്സറിൽ ചേർന്ന സമ്മേളനത്തിൽ 6 ലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു. സമ്മേളനം വിളിക്കുന്ന കാര്യത്തിൽ അകാൽ തഖ്ത് നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്.

അമൃത്പാൽ സിംഗിനോട് കീഴടങ്ങാൻ അകാൽ തഖ്ത് ആഹ്വനം ചെയ്തിരുന്നു. രഹസ്യന്വേഷ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമൃത്സറിലും ബട്ടിണ്ടയിലും പോലീസ് വിന്യസം ശക്തമാക്കി. പഞ്ചാബ് പോലീസിന് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 14 വരെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ധാക്കിക്കൊണ്ട് ഡിജിപി ഉത്തരവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *