അമൃത്പാലിന്റെ മറ്റൊരു സഹായി കൂടി പിടിയിൽ; കേന്ദ്ര ഏജൻസികളുടെ സഹായം തേടി പഞ്ചാബ് പൊലീസ്
15 ദിവസത്തിലേറെയായി ഒളിവിൽ കഴിയുന്ന ഖാലിസ്താൻ അനുകൂലി അമൃത്പാൽ സിംഗിന്റെ മറ്റൊരു സഹായിയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വീഡിയോ ക്ലിപ്പുകൾ പകർത്താൻ അമൃത്പാൽ ഉപയോഗിച്ച മൊബൈൽ ഫോൺ എത്തിച്ചു നൽകിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി.
അമൃത്പാൽ സിംഗ് മാർച്ച് 29, 30 തീയതികളിൽ രണ്ട് വീഡിയോ ക്ലിപ്പുകൾ പങ്കുവച്ചിരുന്നു. അറസ്റ്റിലായ വ്യക്തിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്ന് പൊലീസ് പറയുന്നു. പ്രചരിപ്പിച്ച വീഡിയോ-ഓഡിയോ ക്ലിപ്പുകൾക്ക് യുകെ, കാനഡ, യുഎസ്, ദുബായ് തുടങ്ങി നിരവധി വിദേശ രാജ്യങ്ങളുടെ ഐപി വിലാസങ്ങൾ ആണെന്നും പൊലീസ് കണ്ടെത്തി.
വീഡിയോ ഒരു മതപരമായ സ്ഥലത്ത് റെക്കോർഡ് ചെയ്ത ശേഷം, അമൃത്പാലിന്റെ വിദേശ ഹാൻഡ്‌ലർമാർക്ക് അയച്ചു നൽകുകയും, ഇവർ പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കിട്ടു എന്നുമാണ് പൊലീസ് നിഗമനം. അമൃത്പാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തവരെ പിടികൂടാൻ പഞ്ചാബ് പൊലീസിന്റെ സൈബർ സെൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടിയിട്ടുണ്ട്.