ക്രിസ്തു ദേവന്റെ പീഡാനുഭവ സ്മരണ പുതുക്കി ആയിരങ്ങൾ മലയാറ്റൂർ കുരിശുമല കയറി
ക്രിസ്തു ദേവന്റെ പീഡാനുഭവ സ്മരണ പുതുക്കി ആയിരങ്ങൾ മലയാറ്റൂർ കുരിശുമല കയറി. ദുഃഖ വെള്ളിയോട് അനുബന്ധിച്ച് ദേവലയത്തിൽ പ്രത്യേക പ്രാർത്ഥനയും ശുശ്രൂഷക കർമ്മങ്ങളും നടന്നു. പ്രായഭേദമന്യേ മറ്റു സംസ്ഥാനങ്ങളിൽ നിന്നു പോലും വിശ്വാസികൾ കുരിശുമല കയറാൻ എത്തി.
ഗാഗുൽത്താമലയിലൂടെ കുരിശുമേന്തി നടന്നുനീങ്ങിയ യേശുദേവന്റെ പീഢാനുഭവത്തിന്റെ ഓർമ്മപുതുക്കുകയാണ്കുരിശിന്റെ വഴിയിലൂടെ വിശ്വാസി സമൂഹം. കാൽനടയായി കുരിശുമേന്തി വിശ്വാസികൾ മല കയറി. പുലർച്ചയോടെ തന്നെ അടിവാരവും കുരിശുമുടിയും തീർഥാടകരെക്കൊണ്ട് നിറഞ്ഞിരുന്നു. കുരിശിന്റെ വഴിയിലെ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണയിൽ തീർഥാടനപാതയിലെ 14 സ്ഥലങ്ങളിലും മെഴുകുതിരി കത്തിച്ച് വിശ്വാസികൾ പ്രാർത്ഥിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു പോലും വിശ്വാസികൾ കുരിശുമലകയറാൻ എത്തി.
മലയാറ്റൂരിൽ എത്തുന്ന വിശ്വാസികൾക്ക് വൈദ്യസഹായം, കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പൊന്നിൻ കുരിശിനെ പ്രദക്ഷിണം വെച്ച് , ആന കുത്തിയ പള്ളിയും തോമാസ്ലീഹയുടെ കാൽ പാദവും ദർശിച്ച് പ്രത്യേക പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുത്താണ് വിശ്വാസികളുടെ മടക്കം.