എം വി ഗോവിന്ദനെതിരായ ആരോപണം; വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നു
എം വി ഗോവിന്ദനെതിരായ ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സിപിഐഎം പരാതിയിൽ ഇടനിലക്കാരനായ വിജേഷ് പിള്ളയെ പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളിൽ നിന്ന് പിൻവാങ്ങാൻ വിജേഷ് പിള്ള വഴി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തു എന്നായിരുന്നു സ്വപ്നയുടെ ആരോപണം. എന്നാൽ സ്വപ്നയും വിജേഷും ചേർന്ന ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിൽ എന്നാണ് സിപിഎം പരാതി. കേസിൽ സ്വപ്ന സുരേഷിനും അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മാനനഷ്ട നോട്ടീസിന് സ്വപ്നാ സുരേഷ് മറുപടി നൽകിയിരുന്നു. മാപ്പ് പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്വപ്നാ സുരേഷിന്റെ മറുപടി കത്ത്. പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നു എന്ന് കത്തിലൂടെ സ്വപ്ന സൂചിപ്പിച്ചു.