ഇതര സമുദായത്തിൽപ്പെട്ട യുവതിയോട് സംസാരിച്ചതിന് യുവാവിന് ക്രൂര മർദ്ദനം
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സദാചാര പൊലീസിംഗ്. മറ്റൊരു സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സംസാരിച്ചതിന് 20 വയസുകാരന് ക്രൂര മർദ്ദനം. 12 പേർ ചേർന്ന് അഫീദ് എന്ന യുവാവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TOI റിപ്പോർട്ട് അനുസരിച്ച് പരാതിക്കാരനായ കല്ലുഗ്ണ്ടി സ്വദേശി അഫീദ് ഒരു വർഷമായി സോഷ്യൽ മീഡിയയിൽ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന പെൺകുട്ടിയെ കാണാൻ സുബ്രഹ്മണ്യയിൽ എത്തിയിരുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് സ്റ്റാൻഡിൽ വച്ച് പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ ചിലർ എത്തി യുവാവിനെ ബലമായി ജീപ്പിൽ കയറ്റി. അൽപ്പം അകലെയുള്ള പഴയ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച ശേഷം അഫീദിനെ 12 പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തലയിലും കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകളുണ്ടെന്നും മരത്തടികളും വടികളും ഉപയോഗിച്ചാണ് തന്നെ മർദ്ദിച്ചതെന്നും അഫീദ് പരാതിയിൽ പറയുന്നു. ആളുകൾ തന്നെ കത്തി ഉപയോഗിച്ച് കുത്താൻ പോലും ശ്രമിച്ചതായും പെൺകുട്ടിയെ വീണ്ടും കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമികൾക്കെതിരെ സുബ്രഹ്മണ്യ പൊലീസ് കേസെടുത്തു, കൂടാതെ യുവാവിനെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്.