ഇതരമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചു; യുവാവ് കൊല്ലപ്പെട്ട നിലയില്‍
ഇതരമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുപിയില്‍ യുവാവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നെന്നും അവരുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ബറേലിയില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. സുനില്‍കുമാര്‍ എന്നയാളാണ് മരിച്ചത്. ഗ്രാമത്തിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് സുനില്‍കുമാറിന്റെ പിതാവ് പറഞ്ഞു. മകന്റെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും പിതാവ് ആരോപിച്ചു.
നേരത്തെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഭീഷണി സുനില്‍കുമാറിനുണ്ടായിരുന്നു. രണ്ട് കുടുംബങ്ങളും പരസ്പരം ചര്‍ച്ച ചെയ്ത് ഇനി ഇരുവരും കാണേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.