കൊല്ലത്ത് യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം
കൊല്ലം അഞ്ചലില്‍ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം. വിഷ്ണുവെന്ന 28 കാരനാണ് മർദ്ദനമേറ്റത്. ഏരൂർ സ്വദേശി സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും അടിച്ചു പരിക്കേൽപ്പിച്ചു. സാരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർ സൈജുവിനെ പിടികൂടി. പിന്നീട് പൊലീസിന് കൈമാറി.
ഏരൂർ സ്വദേശിയാണ് മർദ്ദനത്തിന് ഇരയായ വിഷ്ണു. സൈജു പണം സ്ഥിരമായി പലിശയ്ക്ക് കൊടുക്കുന്നയാളാണ്. അഞ്ചലിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വിഷ്ണു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. വിഷ്ണു സൈജുവിന്റെ പക്കൽ നിന്നും പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇതിന്റെ പലിശ മുടങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തേ തന്നെ തർക്കമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അഞ്ചൽ പനച്ചിവിളയിലാണ് രാത്രിയാണ് അക്രമം ഉണ്ടായത്. ഇവർ തമ്മിൽ പണത്തെ ചൊല്ലി ഇവിടെ വെച്ച് തർക്കമുണ്ടായി. പിന്നാലെ വിഷ്ണു ബൈക്കിൽ കയറി ഇവിടെ നിന്ന് പോകാൻ ശ്രമിച്ചപ്പോഴാണ് സൈജുവും സംഘവും ചേർന്ന് മർദ്ദിച്ചത്. വിഷ്ണുവിനെ ആക്രമിച്ച ശേഷം ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് സൈജുവിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചത്.